Month: ആഗസ്റ്റ് 2021

കൊടുങ്കാറ്റിലൂടെ വഹിച്ചു

1830 ൽ, സ്‌കോട്ടിഷ് മിഷനറി അലക്‌സാണ്ടർ ഡഫിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ, ദക്ഷിണാഫ്രിക്കയുടെ തീരത്തുവെച്ച് ഒരു കൊടുങ്കാറ്റിൽ കപ്പൽ തകർന്നു. അദ്ദേഹവും സഹയാത്രികരും വിജനമായ ഒരു ചെറിയ ദ്വീപിൽ എത്തിപ്പെട്ടു. കുറച്ചു സമയത്തിനുശേഷം, കപ്പൽ ജോലിക്കാരിലൊരാൾ, ഡഫിന്റെ കൈവശമുണ്ടായിരുന്ന ബൈബിളിന്റെ ഒരു കോപ്പി കടൽത്തീരത്ത് അടിഞ്ഞതു കണ്ടെത്തി. പുസ്തകം ഉണങ്ങിയപ്പോൾ, ഡഫ് 107-ാം സങ്കീർത്തനം രക്ഷപ്പെട്ടവരെ വായിച്ചു കേൾപ്പിച്ചു, അവർ ധൈര്യപ്പെട്ടു. ഒടുവിൽ, ഒരു രക്ഷാപ്രവർത്തനത്തിനും മറ്റൊരു കപ്പൽച്ചേതത്തിനും ശേഷം ഡഫ് ഇന്ത്യയിലെത്തി.

ദൈവം യിസ്രായേല്യരെ വിടുവിച്ച ചില വഴികൾ 107-ാം സങ്കീർത്തനം വിവരിക്കുന്നു. ഡഫും കപ്പൽ യാത്രക്കാരും ഈ വാക്യങ്ങളോടു താദാത്മ്യപ്പെട്ട് ആശ്വസിച്ചു: ''അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു'' (വാ. 29-30). എന്നാൽ, യിസ്രായേല്യരെപ്പോലെ, അവരും ''യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും'' (വാ. 31) സ്തുതിച്ചു.       

സങ്കീർത്തനം 107:28-30 നു സമാന്തരമായ ഒരു സംഭവം പുതിയ നിയമത്തിൽ നാം കാണുന്നു (മത്തായി 8:23-27; മർക്കൊസ് 4:35-41). അതിശക്തമായ കൊടുങ്കാറ്റ് ആരംഭിക്കുമ്പോൾ യേശുവും ശിഷ്യന്മാരും കടലിൽ ഒരു പടകിലായിരുന്നു. ശിഷ്യന്മാർ ഭയത്തോടെ നിലവിളിച്ചപ്പോൾ - ജഡത്തിൽ വെളിപ്പെട്ട ദൈവം ആയ - യേശു കടലിനെ ശാന്തമാക്കി. നമുക്കും ധൈര്യപ്പെടാം! നമ്മുടെ ശക്തനായ ദൈവവും രക്ഷകനുമായവൻ നമ്മുടെ നിലവിളികൾ കേൾക്കുകയും പ്രതികരിക്കുകയും നമ്മുടെ കൊടുങ്കാറ്റുകൾക്കു നടുവിലും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

തകർച്ചയിൽ സമാധാനം

പടക്കംപൊട്ടുന്നതു പോലെ തോന്നിക്കുന്ന എന്തോ ഒന്ന് ജോവാനെ ഉറക്കത്തിൽ നിന്ന് ഉണർത്തി. ഗ്ലാസ് തകർന്നിരിക്കുന്നു. താൻ തനിച്ചല്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുകൊണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ അവൾ എഴുന്നേറ്റു. ഇരുണ്ട തെരുവുകൾ ശൂന്യമായിരുന്നു, വീട്ടിൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നു തോന്നി - അപ്പോഴാണ് അവൾ തകർന്ന കണ്ണാടി കണ്ടത്.

ഗ്യാസ് ലൈനിൽ നിന്ന് അര ഇഞ്ച് മാത്രം മാറി വെടിയുണ്ട തറച്ചിരിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അത് ലൈനിൽ കൊണ്ടിരുന്നെങ്കിൽ, ഒരുപക്ഷേ അവൾ ജീവനോടെ പുറത്തുവരുമായിരുന്നില്ല. അടുത്തുള്ള അപ്പാർട്ടുമെന്റുകളിൽ നിന്ന് അബദ്ധത്തിൽ വന്ന ബുള്ളറ്റാണതെന്ന് പിന്നീട് അവർ കണ്ടെത്തി, പക്ഷേ ഇപ്പോൾ ജോവാൻ വീട്ടിലിരിക്കാൻ ഭയപ്പെട്ടു. അവൾ സമാധാനത്തിനായി പ്രാർത്ഥിച്ചു, ഗ്ലാസ് വൃത്തിയാക്കിയ ശേഷം അവളുടെ ഹൃദയം ശാന്തമായി.

121-ാം സങ്കീർത്തനം, കഷ്ടകാലങ്ങളിൽ ദൈവത്തെ നോക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മുടെ ''സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു'' എന്നതിനാൽ നമുക്ക് സമാധാനവും ശാന്തതയും കൈവരിക്കാൻ കഴിയുമെന്ന് ഇവിടെ നാം കാണുന്നു (വാ. 2). പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം നമ്മെ സഹായിക്കുകയും - നാം ഉറങ്ങുമ്പോൾ പോലും - നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു (വാ. 3), മാത്രമല്ല അവൻ ഒരിക്കലും ഉറങ്ങുന്നില്ല (വാ. 4). അവൻ രാവും പകലും (വാ. 6), ''ഇന്നും എന്നെന്നേക്കും'' (വാ. 8) നമ്മെ പരിപാലിക്കുന്നു.

ഏതുതരം സാഹചര്യങ്ങളിൽ നാം അകപ്പെട്ടാലും ദൈവം നമ്മെ കാണുന്നു. നാം അവങ്കലേക്കു തിരിയുന്നതിനായി അവിടുന്നു കാത്തിരിക്കുന്നു. നാം അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ സാഹചര്യങ്ങൾ എല്ലായ്‌പ്പോഴും മാറില്ലായിരിക്കാം, എന്നാൽ അതിനിടയിലും അവിടുന്ന് തന്റെ സമാധാനം വാഗ്ദാനം ചെയ്യുന്നു.

അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുക

1907 ഡിസംബർ 6 ന്, യുഎസ് സംസ്ഥാനമായ വെസ്റ്റ് വിർജീനിയയിലെ ഒരു ചെറിയ സമൂഹത്തെ അവിടെയുണ്ടായ സ്‌ഫോടനങ്ങൾ തകർത്തുകളഞ്ഞു; കൽക്കരി ഖനന വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. ഏകദേശം 360 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. ഈ ഭീകരമായ ദുരന്തം 250 സ്ത്രീകളെ വിധവകളാക്കുകയും 1,000 കുട്ടികളെ പിതാക്കന്മാരില്ലാത്തവരാക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത അനുസ്മരണ സമ്മേളനമാണ് പില്ക്കാലത്ത് യുഎസിൽ പിതൃദിനം (ഫാദേഴ്‌സ് ഡേ) ആഘോഷിക്കുന്നതിനു മുഖാന്തരമായിത്തീർന്നതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. വലിയ നഷ്ടത്തിൽ നിന്ന് അനുസ്മരണവും - ഒടുവിൽ - ആഘോഷവും പിറവിയെടുത്തു.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത്, മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിനെ ക്രൂശിച്ചപ്പോഴാണ്. എന്നിരുന്നാലും, ആ ഇരുണ്ട നിമിഷം അനുസ്മരണവും ആഘോഷവും ഉളവാക്കി. ക്രൂശിലേക്കു പോകുന്നതിന്റെ തലേദിവസം രാത്രി, യേശു യിസ്രായേലിന്റെ പെസഹയുടെ ഘടകങ്ങൾ എടുത്ത് സ്വന്തം സ്മാരക ആഘോഷം സൃഷ്ടിച്ചു. ലൂക്കൊസിന്റെ രേഖ ഈ രംഗത്തെ ഇപ്രകാരം വിവരിക്കുന്നു: ''അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ എന്നു പറഞ്ഞു'' (ലൂക്കൊസ് 22:19).  

ഇന്നും, നാം കർത്താവിന്റെ മേശയിൽ പങ്കുകൊള്ളുമ്പോഴെല്ലാം, നമ്മോടുള്ള അവിടുത്തെ മഹത്തും അചഞ്ചലവുമായ സ്‌നേഹത്തെ ബഹുമാനിക്കുന്നു - നമ്മെ രക്ഷിക്കുന്നതിനു കൊടുക്കേണ്ടിവന്ന വിലയെ അനുസ്മരിക്കുകയും അവിടുത്തെ ത്യാഗം നേടിത്തന്ന ജീവന്റെ ദാനത്തെ ആഘോഷിക്കുകയും ചെയ്യുന്നു. ചാൾസ് വെസ്ലി തന്റെ മഹത്തായ ഗാനത്തിൽ പറഞ്ഞതുപോലെ, ''അതിശയകരമായ സ്‌നേഹം! എങ്ങനെ എന്റെ ദൈവമേ, എനിക്കു വേണ്ടി മരിക്കാൻ അങ്ങേയ്ക്കു കഴിഞ്ഞു?''

ദൈവത്തിനു നിങ്ങളുടെ കഥ അറിയാം

എന്റെ ഉറ്റസുഹൃത്തുമൊത്ത് ഉച്ചഭക്ഷണത്തിനു ശേഷം വീട്ടിലേക്കു പോകുമ്പോൾ, ഞാൻ അവൾക്കുവേണ്ടി ഉറക്കെ ദൈവത്തോടു നന്ദി പറഞ്ഞു. എന്നെക്കുറിച്ചുതന്നെ എനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ഉണ്ടായിട്ടും അവൾ എന്നെ അറിയുകയും എന്നെ സ്‌നേഹിക്കുകയും ചെയ്യുന്നു. എന്നെ ഞാനായിരിക്കുന്നതുപോലെ - എന്റെ തമാശകൾ, ശീലങ്ങൾ, വികാര വിക്ഷോഭങ്ങൾ എന്നിവ - അംഗീകരിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകളിൽ ഒരാളാണ് അവൾ. എന്നിട്ടും, അവളുമായും ഞാൻ ഇഷ്ടപ്പെടുന്ന മറ്റുള്ളവരുമായും പങ്കിടാൻ ഞാൻ മടിക്കുന്ന എന്റെ കഥയുടെ ചില ഭാഗങ്ങളുണ്ട് - എനിക്കു വ്യക്തമായും വിജയം കണ്ടെത്താനാകാത്ത സമയങ്ങൾ, മറ്റുള്ളവരെ വിധിക്കുന്നതോ അവരോടു ദയയില്ലാതെയും സ്‌നേഹമില്ലാതെയും പെരുമാറുന്നതോ ആയ സമയങ്ങൾ.

പക്ഷേ, ദൈവത്തിന് എന്റെ കഥ മുഴുവനായും അറിയാം. മറ്റുള്ളവരുമായി സംസാരിക്കാൻ എനിക്ക് വിമുഖതയുണ്ടെങ്കിലും എനിക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയുന്നയാൾ അവിടുന്നാണ്.

139-ാം സങ്കീർത്തനത്തിലെ പരിചിതമായ വാക്കുകൾ നമ്മുടെ പരമാധികാര രാജാവുമായി നമുക്കുള്ള അടുപ്പത്തെ വിവരിക്കുന്നു. അവൻ നമ്മെ പൂർണ്ണമായി അറിയുന്നു! (വാ. 1). നമ്മുടെ ''വഴികളൊക്കെയും [യേശു] മനസ്സിലായിരിക്കുന്നു'' (വാ. 3). നമ്മുടെ ആശയക്കുഴപ്പം, ഉത്കണ്ഠാകുലമായ ചിന്തകൾ, പരീക്ഷയുമായുള്ള നമ്മുടെ പോരാട്ടങ്ങൾ എന്നിവയുമായി അവങ്കലേക്ക് ചെല്ലാൻ അവിടുന്ന് നമ്മെ ക്ഷണിക്കുന്നു. നാം അവനു പൂർണ്ണമായും വഴങ്ങാൻ തയ്യാറാകുമ്പോൾ, നാം അവങ്കൽനിന്ന് അകന്നുപോയതു നിമിത്തം നമ്മെ ദുഃഖത്തിലേക്കു നയിച്ച നമ്മുടെ കഥയുടെ ഭാഗങ്ങൾ പുനഃസ്ഥാപിക്കാനും മാറ്റിയെഴുതാനും അവിടുന്ന് എത്തിച്ചേരുന്നു.

ഏതൊരാൾക്കും ഏതൊരു കാലത്തും കഴിയുന്നതിനെക്കാൾ നന്നായി ദൈവം നമ്മെ എപ്പോഴും അറിയുന്നു. എന്നിട്ടും . . . അവിടുന്നു നമ്മെ സ്‌നേഹിക്കുന്നു! നാം അനുദിനം ദൈവത്തിനു കീഴടങ്ങുകയും അവിടുത്തെ കൂടുതൽ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, അവിടുത്തെ മഹത്വത്തിനായി നമ്മുടെ കഥ മാറ്റാൻ അവിടുത്തേക്കു കഴിയും. അത് തുടർന്നും എഴുതുന്ന എഴുത്തുകാരൻ അവിടുന്നാണ്.

ബൈബിളിനെ വിശ്വസിക്കുക

പ്രശസ്ത അമേരിക്കൻ സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാം, ബൈബിൾ പൂർണ്ണമായും സത്യമാണെന്ന്് അംഗീകരിക്കാനുള്ള തന്റെ പോരാട്ടത്തെക്കുറിച്ചു പറഞ്ഞു. സാൻ ബെർണാർഡിനോ പർവ്വതനിരകളിലെ ഒരു റിട്രീറ്റ് സെന്ററിൽവെച്ച്, ഒരു രാത്രിയിൽ ചന്ദ്രപ്രകാശത്തിൽ തനിച്ച് നടക്കുമ്പോൾ, ബൈബിൾ ഒരു പെട്ടെന്ന് വരുമാനം വെച്ചിട്ട്, മുട്ടിന്മേൽ വീണ്, അദ്ദേഹം ഒരു പ്രാർത്ഥന ഉരുവിട്ടു: ''ദൈവമേ! ഈ പുസ്തകത്തിൽ എനിക്ക് മനസ്സിലാകാത്ത അനേക കാര്യങ്ങളുണ്ട്.''

തന്റെ ആശയക്കുഴപ്പം ഏറ്റുപറഞ്ഞപ്പോൾ, പരിശുദ്ധാത്മാവ് ഒടുവിലായി ''ഇങ്ങനെ പറയാൻ എന്നെ സ്വതന്ത്രനാക്കി. 'പിതാവേ, ഞാൻ ഇത് വിശ്വാസത്താൽ അങ്ങയുടെ വചനമായി സ്വീകരിക്കാൻ പോകുന്നു!''' അദ്ദേഹം എഴുന്നേറ്റു നിന്നപ്പോൾ അദ്ദേഹത്തിന് അപ്പോഴും ചോദ്യങ്ങളുണ്ടായിരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞു, ''എന്റെ ആത്മാവിലെ ആത്മീയ യുദ്ധം പോരാടി വിജയിച്ചു എന്നെനിക്കു മനസ്സിലായി.''

യുവ പ്രവാചകനായ യിരെമ്യാവും ആത്മീയ പോരാട്ടങ്ങൾ നടത്തി. എന്നിട്ടും അവൻ സ്ഥിരമായി തിരുവെഴുത്തുകളിൽ ഉത്തരം തേടി. ''ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവുമായി'' (യിരെമ്യാവ് 15:16). അവൻ പ്രഖ്യാപിച്ചു, ''യഹോവയുടെ വചനം . . . എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു'' (20:8-9). പത്തൊൻപതാം നൂറ്റാണ്ടിലെ സുവിശേഷകനായ ചാൾസ് സ്പർജൻ എഴുതി, ''[യിരെമ്യാവ്] നമ്മെ ഒരു രഹസ്യത്തിലേക്ക് കൊണ്ടുപോകുന്നു. അവന്റെ ബാഹ്യജീവിതം, പ്രത്യേകിച്ച് വിശ്വസ്തമായ ശുശ്രൂഷ, അവൻ പ്രസംഗിച്ച വചനത്തോടുള്ള ആന്തരികമായ സ്നേഹത്തിൽ നിന്നുളവായതാണ്.''

നമ്മുടെ പോരാട്ടങ്ങൾക്കിടയിലും തിരുവെഴുത്തുകളുടെ ജ്ഞാനത്തിലൂടെ നമുക്കും നമ്മുടെ ജീവിതം രൂപപ്പെടുത്താൻ കഴിയും. നമുക്കും, എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ, വിശ്വാസത്താൽ പഠനം തുടരാം.